ദൗത്യം

കിടത്തി ചികിത്സ ആവശ്യമില്ലാത്ത രോഗികള്‍ക്ക് ആശുപത്രി സന്ദര്‍ശന സമയങ്ങളില്‍ പരമാവധി അനായാസമായ രീതിയില്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ആര്‍ദ്രം മിഷന്റെ പ്രഥമ ദൗത്യം. രോഗനിര്‍ണയം സമയം വെബ് വഴി തീരുമാനിക്കാനുള്ള സംവിധാനം, രോഗികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍, ഓരോ വിദഗ്ധന്റെയും മുറിക്ക് മുന്നില്‍ ഇലക്ട്രോണിക് ബോര്‍ഡുകള്‍, രോഗികള്‍ക്ക് തങ്ങളുടെ ഊഴം വരുന്നതുവരെ കാത്തിരിക്കാനുള്ള സംവിധാനം, കാത്തിരിപ്പു മേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍, സ്ഥലം കൃത്യമായി നിര്‍ണിയിക്കുന്നതിനുള്ള മാപ്പുകളും ചിഹ്നങ്ങളും, സ്വകാര്യത ഉറപ്പാക്കുന്നതിനായി പരിശോധന നടക്കുന്ന സ്ഥലത്തിനും പരിശോധന മേശയ്ക്കും കര്‍ട്ടന്‍ മറകള്‍, ഓരോ രോഗങ്ങളുടെയും ചികിത്സാഘട്ടങ്ങള്‍ കൃത്യമായി പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ തുടങ്ങിയവയെല്ലാം ഈ തന്ത്രത്തിന്റെ ഭാഗമായി വരും. മൂന്നു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ സംവിധാനങ്ങള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.

ആശുപത്രികളിലെ സേവന നിലവാരം മെച്ചപ്പെടുന്നതിനായി ആശുപത്രി ഭരണസമിതികള്‍, വികസനസമിതികള്‍ എന്നിവയുടെ പ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. ആശുപത്രിയിലെ എല്ലാ മേഖലകളുടെയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ട് സ്വോട്ട് (SWOT-ശക്തി, ദൗര്‍ബല്യം, അവസരങ്ങള്‍, ഭീഷണി) വിശകലനങ്ങള്‍ ഏര്‍പ്പെടുത്തും. പദ്ധതികളെ മൂന്ന് ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. ആറു മാസം കൊണ്ട് തീര്‍ക്കാവുന്നവ, ഒരു വര്‍ഷം കൊണ്ട് തീര്‍ക്കാവുന്നവ, ഒരു വര്‍ഷത്തിന് മുകളില്‍ സമയമെടുക്കുന്നവ എന്നിങ്ങനെ തരംതിരിച്ച് ഒരോ പ്രവര്‍ത്തനങ്ങളും കൃത്യമായി അവലോകനം ചെയ്യും.