ലക്‌ഷ്യം

ആരോഗ്യരംഗത്ത് നിലവിലുള്ള കാഴ്ചപ്പാടുകള്‍ മാറ്റിമറിക്കുകയും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനോടൊപ്പം പുതിയ ചില ആശയങ്ങള്‍ അവതരിപ്പിക്കാനും ആര്‍ദ്രം മിഷന്‍ ലക്ഷ്യമിടുന്നു. കിടത്തി ചികിത്സ ആവശ്യമില്ലാത്ത രോഗികള്‍ക്ക് കൂടുതല്‍ സൗഹാര്‍ദപരമായ അന്തഃരീക്ഷം സൃഷ്ടിക്കുകയാണ് ഇതില്‍ പ്രധാനം. ദൈനംദിനം ആശുപത്രി സന്ദര്‍ശിക്കേണ്ടിവരുന്ന രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്കാവും മുന്‍ഗണന. അതോടൊപ്പം തന്നെ ആരോഗ്യരംഗത്തെ മറ്റ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗുണനിലവാരമുള്ള സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള ശ്രമങ്ങളും നടത്തും. ജില്ല, താലൂക്ക് ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സംവിധാനങ്ങള്‍ ഒരുക്കും. പ്രാഥമിക ചികിത്സ കേന്ദ്രങ്ങളെ കുടുംബ ചികിത്സ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് മറ്റൊരു സുപ്രധാന ലക്ഷ്യം. ഇതുവഴി ഗ്രാമീണ മേഖലയിലെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തത്തോടെ പ്രതിരോധത്തിനും പുരനധിവാസത്തിനും ഊന്നല്‍ നല്‍ക്കുന്ന ഒരു നവീനരീതി നടപ്പിലാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. എന്‍എച്ച്ആര്‍എം തുടങ്ങിയ ആരോഗ്യപദ്ധതികളുടെ മാര്‍ഗ്ഗരേഖകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും ഓരോ രോഗിയുടെ പ്രശ്‌നവും കൃത്യമായി പിന്തുടരുന്നുണ്ടെന്നും ഉന്നത ഗുണനിലവാരമുള്ള സേവനങ്ങളാണ് രോഗികള്‍ക്ക് ലഭിക്കുന്നതെന്നും ഉറപ്പാക്കുന്നതിനുള്ള ശക്തമായ അവലോകന സംവിധാനം നടപ്പില്‍ വരുത്തും.