ആര്‍ദ്രം ആരോഗ്യരംഗത്ത് രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നോട്ടു പോകാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും അധികാരത്തില്‍ വന്ന സര്‍ക്കാരുകളുടെ തുടര്‍ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിലെത്താന്‍ നമ്മെ പ്രധാനമായും സഹായിച്ചത്. പക്ഷെ ഈ നേട്ടങ്ങളെ സുസ്ഥിരമായി നിലനിറുത്തുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. പൊതുമേഖലയിലെങ്കിലും കാര്യമായ നിക്ഷേപങ്ങള്‍ ഉണ്ടാവാതിരുന്നതും ദീര്‍ഘവീക്ഷണമുള്ള പദ്ധതികളുടെ അഭാവവുമാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണങ്ങള്‍. ഇതിന്റെ ഫലമായി പുതിയ തരം പകര്‍ച്ചവ്യാധികള്‍ ഉടലെടുക്കുകയും ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ സാധാരണമാവുകയും ചെയ്തു. ജീവിതരീതി രോഗങ്ങളുടെ വര്‍ദ്ധനയും സംസ്ഥാനത്തിന്റെ ആരോഗ്യത്തിന് വലിയ ഭീഷണിയായി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളില്‍ ശ്രദ്ധയൂന്നുന്നതും പ്രാഥമിക ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതുമായ ഒരു നയം നടപ്പിലാക്കേണ്ടത് അനിവാര്യമായിരിക്കുന്നു.